എന്‍റെ അനുഭവം
മരുഭുമിയിലെ നക്ഷത്രത്തിളക്കം
ഗ്രന്ഥങ്ങളായിരുന്നു ഉപ്പയുടെ ബിസിനസ് ഉല്‍പ്പന്നം. വിശുദ്ധ ഖുര്‍ആനും മറ്റു മതഗ്രന്ഥങ്ങളുമായിരുന്നു അവയിലേറെയും. അതുകൊണ്ടുതന്നെ
മദ്രസ്സാപാഠപുസ്തകങ്ങള്‍ക്കു പുറമേ മതഗ്രന്ഥങ്ങളുമായി അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. സ്കൂള്‍അവധിക്കാലത്തു ഉപ്പയെ കച്ചവടത്തില്‍ സഹായിക്കാറുണ്ടായിരുന്നെങ്കിലും ഉപ്പയുടെ കൈവശമുള്ള ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കുവാനോ, വായിക്കുവാനോ സമയം കണ്ടെത്തിയില്ല, അതിലുപരി ശ്രദ്ധിച്ചതുമില്ല.
ഇത്രയും അമൂല്യവും അനുഗ്രഹീതവുമായ ഗ്രന്ഥശേഖരം സ്വന്തം വീട്ടിലുണ്ടായിട്ടും അത് വായിക്കുവാനും മനസ്സിലാക്കുവാനും സാധിക്കാതെപോയി. മഗ്'രിബ് നമസ്കാരത്തിനു ശേഷം ഖുര്‍ആന്‍പാരായണം വീട്ടില്‍ നിര്‍ബന്ധമാണ്; ഇല്ലെങ്കില്‍ രാത്രിഭക്ഷണം ഉപ്പ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദിവസവും മഗ്'രിബ് നമസ്കാരത്തിനു ശേഷം ഖുര്‍ആന്‍പാരായണം ചെയ്യാറുണ്ട്. ഭൂമിയിലുള്ളവര്‍ക്ക് ആകാശത്തിലെ നക്ഷത്രങ്ങളെ എപ്രകാരം കാണാന്‍ കഴിയുമോ, അപ്രകാരം, ഖുര്‍ആന്‍പാരായണം ചെയ്യപ്പെടുന്ന വീടുകള്‍ അല്ലാഹുവിന്‍റെ മലക്കുകള്‍ക്ക് പ്രകാശിച്ചു കാണുമെന്നു ഉപ്പ പറഞ്ഞു തരാറുണ്ടായിരുന്നു. ഞങ്ങളുടെ കുരുന്നു മനസ്സുകളില്‍ ഭക്തിയുടെ വേര് ഉറപ്പിക്കുവാന്‍വേണ്ടിയായിരുന്നുവോ അതോ ഏതെങ്കിലും ഹദീസ് ആണോ ഉപ്പയുടെ ഉപദേശത്തിനു നിദാനം എന്നെനിക്കറിഞ്ഞുകൂടാ. എന്നിരുന്നാലും, രാത്രി ഖുര്‍ആന്‍പാരായണം ചെയ്യുന്ന വീടുകള്‍ ഇരുട്ടില്‍തിളങ്ങുന്നതായി എന്‍റെ കുരുന്നുഭാവനയില്‍ തെളിഞ്ഞിരുന്നു. ആ വീടുകളില്‍ ഒന്ന് എന്റേതായിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു.
'വെളിച്ചം' ഖുര്‍ആന്‍പഠന പദ്ധതിയിലെ പഠിതാവായത്തിനു ശേഷം മുഹമ്മദ് അമാനി മൌലവിയുടെ പരിഭാഷയിലൂടെ വിപുലമായ ആ വിജ്ഞാന ശേഖരത്തിന്റെ രുചി ഞാനും നുകര്‍ന്നു തുടങ്ങി. 'വെളിച്ചം' പാഠഭാഗങ്ങള്‍ പഠിച്ചു തുടങ്ങിയതുമുതല്‍ സ്വന്തം മനസ്സിലും കുടുംബത്തിലും ഒരു പുതിയ സൂര്യോദയം ഉണ്ടായിരിക്കുന്നു. ജോലി കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍, പഠിക്കുന്ന മക്കളുടെ കൂട്ടത്തില്‍ 'വെളിച്ചം' പഠിതാവായ ഭാര്യയും വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നതു കാണുമ്പോള്‍ ശരിക്കും കണ്കുളിര്‍മ ഉണ്ടാകുന്നു. ഓഫീസില്‍ ലഭിക്കുന്ന പരിമിതമായ ഒഴിവുസമയങ്ങളില്‍ കൂട്ടുകാരുമായി 'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതിയെക്കുറിച്ചു ചര്‍ച്ചകള്‍ നടത്താന്‍ ആവേശം ഏറിവരുന്നു.
ഖുര്‍ആന്‍പാരായണം ചെയ്യുന്നവരുടെ വീടുകള്‍ അല്ലാഹുവിന്റെ മലക്കുകളുടെ സാന്നിധ്യം കൊണ്ടു തിളങ്ങുമെന്നത് പോലെ ഇതാ ഇപ്പോള്‍ ഖത്തറിലെ വെളിച്ചം ഖുര്‍ആന്‍ പഠിതാക്കളുടെ വീടുകളും അല്ലാഹുവിന്റെ മലക്കുകളുടെ സാന്നിധ്യത്താല്‍ തിളങ്ങിക്കാണുന്നു. അവരില്‍ ഒരുവനാകാന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയതില്‍ഏറ്റവും നന്ദിയുള്ള ഒരു അടിമയാണ് ഈ എളിയവന്‍.
നാളെ സ്വന്തം ഖബറില്‍ നിന്‍റെ ഇമാം ആര് എന്ന മലക്കുകളുടെ ചോദ്യത്തിനു, എന്‍റെ ഇമാം ഖുര്‍ആന്‍ എന്നു പറയുവാനും ഖബറിലെ അന്ധകാരത്തെ പ്രഭാപൂരിതമാക്കാനും ഈ 'വെളിച്ചം' ഖുര്‍ആന്‍ പഠനപദ്ധതി ഉപകരിക്കട്ടേ. ഇനിയും കൂടുതല്‍ പേര്‍ക്ക് വെളിച്ചംപഠന പദ്ധതിയില്‍ ഭാഗബാക്കാകാന്‍ കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ (ആമീന്‍) എന്ന പ്രാര്‍ത്ഥനയോടെ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.
Ali Bin Hamza
ദോഹ ഖത്തര്‍