വെളിച്ചത്തെക്കുറിച്ച്
വെളിച്ചത്തെക്കുറിച്ച്
മാനവരാശിയുടെ മാര്‍ഗ്ഗദര്‍ശനമായി അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍റെ വക്താക്കൾ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടത് പരിശുദ്ധ ഖുർആനും തിരുസുന്നത്തും അനുസരിച്ചാണല്ലോ. എന്നാല്‍ ഇവിടെ ജീവിച്ചു പോകാനുള്ള തിരക്കിനിടയില്‍ പരിശുദ്ധ ഖുര്‍ആന്‍റെ അര്‍ത്ഥവും ആശയവും വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
ഇതിന് പരിഹാരം കാണുക എന്ന മഹത്തായ ലക്‌ഷ്യം മുന്‍ നിര്‍ത്തി ഖത്തറില്‍ ആദ്യമായി വിശുദ്ധ ഖുര്‍ആനിന്‍റെ അര്‍ത്ഥവും ആശയവും പഠിക്കാന്‍ ഒരു പുതിയസംരംഭത്തിന് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ഖുര്‍ആന്‍ ലേര്‍ണിംഗ് സ്കൂള്‍ തുടക്കം കുറിച്ചതാണ് ‘വെളിച്ചം വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പഠന പദ്ധതി’. ഈ കോഴ്സിന് സിലബസ്സായി മര്‍ഹൂം അമാനി മൗലവിയുടെ വിശുദ്ധഖുര്‍ആന്‍ പരിഭാഷയാണ് തിരഞ്ഞെടുത്തത്. കൂടാതെ വിശുദ്ധ ഹദീസും നബി ചരിതവും സിലബസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 3 കൊല്ലം കൊണ്ട് അവസാനിക്കുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്. ഇതിന് വേണ്ടി മാത്രം താങ്കള്‍ പ്രത്യേകമായി ഒരു ക്ലാസ്സിലും പങ്കെടുക്കേണ്ടതില്ല. പഠിക്കുന്നതും പരീക്ഷയെഴുതുന്നതുമെല്ലാം താങ്കളുടെ സൗകര്യത്തിനനുസരിച്ച് വീട്ടില്‍ നിന്നോ ജോലി സ്ഥലത്ത് നിന്നോ ആകാവുന്നതാണ് . പരിഭാഷയും വ്യാഖ്യാനവും 30 ഭാഗങ്ങളായി തിരിച്ച് രണ്ടു മാസത്തിലൊരിക്കല്‍ ഓരോ ഭാഗങ്ങളുടെയും കോപ്പികളും (സിലബസ് ) ആ സിലബസിലുള്ള ചോദ്യങ്ങളും താങ്കളിലെത്തിക്കും. ഇതിന്‍റെ ഉത്തരങ്ങള്‍ തന്നിട്ടുള്ള സിലബസ് വായിച്ചു വീട്ടില്‍ നിന്നു തന്നെ സ്വന്തം കൈപ്പടയില്‍ എഴുതി നിശ്ചയിക്കപ്പെട്ട തിയ്യതിക്ക് മുന്‍പായി തിരിച്ചേല്‍പിക്കണം. മൂല്യനിര്‍ണയം നടത്തി 1,2,3 സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കപ്പെടും.
മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 10 വയസ്സ് തികഞ്ഞ ആര്‍ക്കും 10റിയാല്‍ അടച്ച് ഇതില്‍ പങ്കാളികളാകാം.
കൂടാതെ കുട്ടികൾക്കായി ‘ബാലവെളിച്ചം’ എന്ന പേരിലും അമുസ്ലിം സഹോദരങ്ങൾക്കായി ‘മാർഗ്ഗദീപം’ എന്ന പേരിലും ഇംഗ്ളീഷ് ഭാഷയിൽ ‘ദി ലൈറ്റ്’ എന്ന പേരിലും വിവിധ കോഴ്സുകൾ നടന്നുകൊണ്ടിരിക്കുന്നു.
പ്രത്യേകിച്ച് ഓര്‍ക്കുക ; നിത്യജീവിതത്തിൽ ധാരാളം ഒഴിവു സമയം ബാക്കിയുള്ള സഹോദരന്മാരും ജോലിക്കു പോകാത്ത സഹോദരിമാരും ‘നിങ്ങളുടെ സമയം എങ്ങനെ ചിലവഴിച്ചു’ എന്നൊരു വലിയ ചോദ്യം നാളെ കാത്തിരിക്കുന്നു. അവര്‍ക്ക് ഈ പഠനപദ്ധതിയിൽ പങ്കാളികളാകുന്നതിലൂടെ ഒരു പരിധി വരെ നാളെ പടച്ച തമ്പുരാനോട് മറുപടി പറയാം. നമ്മുടെയൊക്കെ ലാപ്ടോപ്പിലും ഡസ്ക് ടോപ്പിലും മൊബൈല്‍ ഫോണിലും വരെ വിശുദ്ധഖുര്‍ആന്‍ പരിഭാഷയുണ്ട്. പക്ഷെ ഒരിക്കലും അതൊന്നും വേണ്ട വിധം നമ്മള്‍ ഉപയോഗിക്കാറില്ല എന്നതാണ് സത്യം ...! അള്ളാഹുവേ ഞങ്ങളുടെ അറിവിനെ വർദ്ധിപ്പിച്ചുതരേണമേ എന്ന് പ്രാർത്ഥിക്കുക.
കൂടുതല്‍ അറിയാന്‍ വിളിക്കുക.. 44358739/ 74421250 / 55221797
ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍ (നബിവചനം)