എന്‍റെ അനുഭവം
അല്ലാഹുവിന്‍റെ വെളിച്ചം
ജമീല റഷീദ്
അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ ഖുര്‍ആന്‍ മുഴുവനും അര്‍ത്ഥസഹിതം പഠിച്ചു എന്നു അഭിമാനിച്ചിരുന്നു ഞാന്‍. എങ്കിലും വെളിച്ചം പാഠ്യപദ്ധതി കണ്ടപ്പോള്‍ ഒന്നു നോക്കിക്കളയാമെന്നു കരുതിയാണു കയ്യിലെടുത്തത്. അതിലെ ഒരു ചോദ്യത്തിന്‍റെ ഉത്തരം പോലും എനിക്കു ശരിക്കു പറയാനറിയില്ലല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി.
വല്ലാത്ത നാണക്കേടും തോന്നി. പാരാവാരം പോലെ പരന്നു കിടക്കുന്ന പരിശുദ്ധ ഖുര്‍ആനില്‍ ഇറങ്ങിത്തപ്പിയാല്‍ മുത്തുകളും പവിഴമണികളും കിട്ടുമെന്നും വീണ്ടും വീണ്ടും ഇറങ്ങുമ്പോള്‍ പുതിയതു വീണ്ടും കണ്ടെത്തുമെന്നും ആരോ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. ഈ വെളിച്ചമെന്ന പാഠ്യപദ്ധതി എന്റെ വീടിനെ മാത്രമല്ല പല വീടുകളേയും പ്രകാശ പൂരിതമാക്കിയിരിക്കുന്നു. ഈ പരീക്ഷ എഴുതുന്ന പലരുമായും ഞാന്‍ സംസാരിച്ചപ്പോള്‍ പലരുടേയും അനാവശ്യ ഫോണ്‍വിളികളും ടി വി കാണലും കുറഞ്ഞിരിക്കുകയോ തീരെ ഇല്ലതായിരിക്കുകയോ ചെയ്തിരിക്കുന്നു. ഏതെങ്കിലും സദസ്സിലിരിക്കുമ്പോള്‍ ചിലരുടെ സംസാരവും വെളിച്ചത്തെക്കുറിച്ചായിരിക്കുന്നു. നേരം വെളുത്താല്‍ പെട്ടെന്നു പണികള്‍ തീര്‍ത്തു വെളിച്ചവുമായി ഇരിക്കണമെന്ന ഒറ്റ ചിന്തയേയുള്ളു. പലരുടേയും അലസത മാറിയ പോലെ. ആര്‍ക്കും ഒന്നിനും നേരമില്ല, എത്രയും വേഗം ചോദ്യത്തിന്‍റെ ഉത്തരം കണ്ടുപിടിച്ചു സബ്മിറ്റ് ചെയ്യണമെന്ന ഒറ്റ ചിന്തമാത്രം. ഒന്നും രണ്ടും മൂന്നും
പ്രാവശ്യം വായിച്ചവരുണ്ട്. പരീക്ഷയൊക്കെ കഴിഞ്ഞു സമാധാനത്തോടെ ഒന്നു കൂടി വായിക്കണമെന്നു പറയുന്നവരും നാട്ടില്‍ പോകുമ്പോള്‍ എന്തു ചെയ്യുമെന്നു വിഷമിക്കുന്നവരുമുണ്ട് ആ കൂട്ടത്തില്‍.
എന്തായാലും അല്ലാഹുവിന്‍റെ പ്രകാശം നമ്മുടെ എല്ലാവരുടെമേലും ഉണ്ടാകട്ടെ (ആമീന്‍).
വെളിച്ചത്തിന്‍റെ സംഘാടകര്‍ക്കും അല്ലാഹു ഉത്തമമായ പ്രതിഫലം നല്‍കട്ടെ (ആമീന്‍).