Velicham2 Launching

Velicham 2 Launching Program

വെളിച്ചം രണ്ടിന് പ്രൗഢഗംഭീരമായ തുടക്കം

 

ദോഹ: വെളിച്ചം വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പഠന പദ്ധതിയുടെ ശ്രദ്ധേയമായ വെളിച്ചം രണ്ടാം ഘട്ടത്തിന്‍റെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍താനി നിര്‍വ്വഹിച്ചു. പരസ്പരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട് സ്വയം വളരുന്നതിനും ഖത്തറിന്‍റെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നതിനും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്‍റര്‍ പോലുള്ള സംഘടനകള്‍ക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്‍റെ ചരിത്രം മാറ്റിയെഴുതാന്‍ സഹായിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. ജീവിതത്തിന്‍റെ ലക്ഷ്യമെന്തെന്ന് അത് നിര്‍വ്വചിച്ചു തന്നു. ഈ ലോകത്തും പരലോകത്തും ഏറ്റവും നല്ല ഒരു ജീവിതം ഖുര്‍ആന്‍ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ദൈവത്തിന്‍റെ മുന്നില്‍ ഏറ്റവും ശ്രേഷ്ഠരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പരലോകവും ഖുര്‍ആനും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വെളിച്ചം കേരള കോര്‍ഡിനേറ്റര്‍ ടി.പി. ഹുസൈന്‍ കോയ സംസാരിച്ചു. മരണം ഒരു ഒടുക്കമല്ലെന്നും നിത്യജീവിതത്തിന്‍റെ തുടക്കമാണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തോളാമെന്നും അതിനാല്‍ മരണം നീട്ടിത്തരണമെന്നും ദൈവത്തോട് യാചിക്കുന്ന ഒരവസ്ഥ നമുക്കുണ്ടാവരുത്. മരണത്തെ സന്തോഷത്തോടെ വരവേര്‍ക്കാനാവുന്ന വിധം ജീവിതം സമാധാനപൂര്‍ണ്ണവും സല്‍ക്കര്‍മ്മ പൂരിതവുമാക്കാന്‍ നാം ശ്രമിക്കേണ്ടതാണ് എന്നും അദ്ദേഹം സദസ്യരെ ഓര്‍മ്മപ്പെടുത്തി.

 

പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ദനും പ്രഭാഷകനുമായ നൗഷാദ് കാക്കവയല്‍ 'ഖുര്‍ആനിന്‍റെ മാധുര്യം' എന്ന വിഷയം അവതരിപ്പിച്ചു. ഖുര്‍ആനിന്‍റെ ഉള്ളടക്കത്തെയും ഭാഷാചാരുതിയെയും വെല്ലുവിളിക്കാനായി എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും താരതമ്യത്തിന് പോലും അര്‍ഹതയില്ലാത്ത വിധം ചവറുകളായിരുന്നുവെന്ന് ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കി. കാലത്തിന് അനുസ്സരിച്ച് മാറാത്ത ശുദ്ധമായ ഭാഷ, ചിന്തകള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണത നല്‍കുന്നു, സമാധാനമാര്‍ഗ്ഗം കണ്ടെത്താന്‍ സഹായിക്കുന്നു, ബുദ്ധിവികാസം, സംശയ ദൂരീകരണം, സത്യാസത്യ വിവേചനം എന്നിവയെ സഹായിക്കുന്നു, തുടങ്ങിയ പ്രത്യേകതകളാണ് മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും ഖുര്‍ആനിനെ വ്യത്യസ്തമാക്കുന്നത്. എളുപ്പം ചിന്തിക്കുവാന്‍ സഹായിക്കുന്നു, ആശയങ്ങളുടെ സ്ഥിരത നിലനിര്‍ത്തപ്പെടുന്നു എന്നിവ അറബിഭാഷയില്‍ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതിന്‍റെ കാരണങ്ങളായി ഖുര്‍ആന്‍ പറയുന്നു. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനിന്‍റെ ലഭ്യതയെ സന്തോഷിക്കുവാനും ആഹ്ലാദിക്കുവാനുമുള്ള ഏറ്റവും വലിയ കാരണമായി ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് എന്നും കാക്കവയല്‍ പറഞ്ഞു. ഭംഗിയായ ഖുര്‍ആന്‍ പാരായണം ചെയ്തുള്ള മനോഹരമായ പ്രസംഗം സദസ്യര്‍ക്ക് നവ്യാനുഭവമായി.

 

വക്റ ഇന്‍റോര്‍ സ്റ്റേഡിയത്തികത്തും പുറത്തുമായി അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്ത പരിപാടി പൊതു ജന സാന്നിധ്യം കൊണ്ടും വെളിച്ചം പ്രവര്‍ത്തകരുടെ സേവനം കൊണ്ടും ശ്രദ്ധേയമായി. വെളിച്ചം പഠന പദ്ധതിയുടെ ഇരുപത് മൊഡ്യൂളിലും പങ്കെടുത്ത് മികച്ച വിജയം നേടിയവര്‍, മുഴുവന്‍ പരീക്ഷയിലും പങ്കെടുത്തവര്‍, ഇരുപതാമത്തെ പരീക്ഷയിലെ വിജയികള്‍, മുഴുവന്‍ പരീക്ഷയുടെയും വാല്യേഷനില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ എന്നിവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

 

സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. പ്രപഞ്ച രക്ഷിതാവായ ദൈവത്തെ അല്ലാഹു എന്ന വിശേഷണത്തിന് ശേഷം കൂടുതലായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് പരമകാരുണികന്‍ എന്നാണ്. ദൈവം നിയോഗിച്ചയച്ച പ്രവാചകനും ലോകത്തിന് കാരുണ്യമായിട്ടാണ് നിയുക്തനായത്. യാതൊരു വിവേചനവുമില്ലാതെ നന്മ ചെയ്യാന്‍ പഠിപ്പിച്ച മതം ഇസ്ലാമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇത്രമാത്രം കാരുണ്യം പഠിപ്പിച്ച മതം അതിന്‍റെ വക്താക്കളിലൂടെയാണ് ലോകം അറിയേണ്ടത്. ഇസ്ലാം ഉത്ഘോഷികുക്കുന്ന നൈതിക മൂല്യങ്ങള്‍ സമൂഹത്തിന് മുന്നില്‍ പകര്‍ന്നു നല്‍കേണ്ട ബാധ്യതയാണ് സമകാലിക മുസ്ലിം സമൂഹം ഏറ്റെടുക്കേണ്ടത്. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം, എന്‍റെ സന്ദേശമാണ് എന്‍റെ ജീവിതം എന്നതായിരിക്കണം മുസ്ലിംകളുടെ മുഖമുദ്ര. ഇത്രയും ഉദാത്തമായ മതത്തെ വര്‍ഗ്ഗീയ വിഘടന സങ്കുചിത താത്പര്യങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ മുസ്ലിംകള്‍ ജാഗരൂഗരാവണം. ഇസ്ലാമിന്‍റെ വിമര്‍ശനങ്ങളെ കാരുണ്യപൂര്‍വ്വം സമീപിക്കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഈദുല്‍ ഖൈരിയ്യയില്‍ നിന്നും അബ്ദുല്ലാഹ് മിസ്ഹര്‍ അല്‍ശമ്മരി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഖത്തര്‍ ഖൈരിയ്യയില്‍ പങ്കെടുത്ത ഖാലിദ് ഫഖ്റൂ കുട്ടികള്‍ക്കായുള്ള പുതിയ സംരംഭം ബാല വെളിച്ചം പഠന പദ്ധതിയുടെ സ്റ്റഡി മെറ്റീരിയല്‍ സുഹൈല്‍ അബ്ദുല്‍ ലത്തീഫിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഖത്തര്‍ പെട്രോളിയത്തില്‍ നിന്നും പങ്കെടുത്ത ഖാലിദ് അബ്ദുറഹ്മാന്‍ അല്‍ ഖുലൈഫി വെളിച്ചം സുവനീര്‍ വെളിച്ചം സമ്മേളനത്തിന്‍റെ മുഖ്യരക്ഷാധികാരം കെ. മുഹമ്മദ് ഈസക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഔഖാഫ് മന്ത്രാലയം പ്രതിനിധി മന്‍സൂര്‍ അല്‍ യാമി വെളിച്ചം ഓണ്‍ലൈന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. 

Search registration details

 Velicham.net

Registration details
Search:

പുതിയ വിശേഷങ്ങള്‍

വെളിച്ചം ഖുർആൻ പഠിതാക്കൾ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു.  സമാപന ചടങ്ങിൽ വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി മുഖ്യ പ്രഭാഷണം നടത്തി.... Read more
വെളിച്ചം2 പന്ത്രണ്ടാം മൊഡ്യൂൾ ഫലം പ്രസിദ്ധീകരിച്ചു; റിസൾട്ട് പേജിൽ ലഭ്യമാണ്. Read more
വെളിച്ചം മൊഡ്യൂൾ 14 പഠന മെറ്റീരിയൽ വിതരണം തുടങ്ങി. അതാത് ഏരിയ ഓഫീസർമാരിൽ നിന്നും കൈപ്പറ്റണമെന്ന് അറിയിക്കുന്നു.   Read more
വെളിച്ചം 2 മൊഡ്യൂൾ 14 ചോദ്യപ്പേപ്പറും വിവരണങ്ങളും ലഭിക്കാൻ ഡൗണ്‍ലോഡ് പേജ് സന്ദർശിക്കുക.   Read more